ശുഭയാത്ര

ചിലർ അങ്ങനെയാണ്.  ഒന്നും തുറന്നു പറയാറില്ല. അവരുടെ നിഴലിൽ നിന്നും നിശബ്ദതയിൽ നിന്നും നമ്മൾ ഊഹിച്ചെടുക്കണം.

ഡ്രൈവറുടെ മൗനത്തിൽ നിന്ന് എന്തോ മനസ്സിലായിട്ടെന്നവണ്ണം  കണ്ടക്ടർ ആ പ്രഖ്യാപനം നടത്തി.

ബസ്സ് ബ്രേക്ക് ഡൌൺ ആണ്.  മറ്റൊരു ബസ്സ് വരുന്നത് വരെ നിൽകേണ്ടവർക്കു നിൽക്കാം അല്ലെങ്കിൽ അര കിലോമീറ്റര് നടന്നാൽ  അത് വഴി വരുന്ന മറ്റു  ബസ്സുകളിൽ കയറിക്കൂടാം.

തീരുമാനം നിങ്ങളുടേതാണ് എന്ന മട്ടിൽ അയാൾ ബസ്സിൽ നിന്ന് ഇറങ്ങി നിന്നു.

മുമ്പ് പല തവണ ഇത് വഴി വന്നിട്ടുള്ളതിനാൽ അറിയാം ആ  അര കിലോ മീറ്റർ ഒരു വലിയ കയറ്റമാണ്എന്ന്.  

യാത്രാ തടസ്സങ്ങൾ കണ്ടു ശീലമായ ഭൂരിപക്ഷം യാത്രികരും  കാൽനട യാത്ര തുടങ്ങി ക്കഴിഞ്ഞിരുന്നു.

ബസ്സിൽ ഉണ്ടായിരുന്ന  ഒരേ  ഒരു  യാത്രിക എന്ന " പരിഗണ"  തന്നത് കണ്ടക്ടർ മാത്രമായിരുന്നു.  ഇടയ്ക്കിടെ കണ്ണുകളോടിച്ചു അയാളതിനായി മത്സരിക്കുന്ന പോലെ തോന്നി.  . 

തമിഴ് ചുവയുള്ള  ഇംഗ്ലീഷുമായി  ഗോൾഡൻ ഫ്രെയിം ഉള്ള കണ്ണട വച്ച ഒരാൾ സർക്കാർ സംവിധാനങ്ങളെ  ആവർത്തിച്ചു കുറ്റപ്പെടുത്തുന്നതു കണ്ടപ്പോൾ അനിഷ്ടം  തോന്നി മാറി നിന്നു.. നടന്നു മറയുന്ന മറ്റു ഭൂരിപക്ഷം  സഹയാത്രികരെ അനുഗമിക്കാൻ  അപ്പോഴും  മനസ്സ്  വന്നില്ല. 

കാലം തെറ്റി കടന്നു വന്ന വേനൽ  വൻ നിഴലുകളെ പോലും ചുട്ടു തിന്നുമ്പോൾ വളവും തിരിവുമായ അര കിലോമീറ്റർ  കയറ്റം നടന്നു കയറുക  ആയാസം തന്നെയാണ്. ഒപ്പം  പാതി  പഴുത്ത  മാങ്ങയും പലഹാരങ്ങൾ അടുക്കി വച്ച   അല്പാല്പം കീറാൻ തുടങ്ങിയ   ബാഗും  കുട്ടികളുടേതുൾപ്പടെ  രണ്ടാഴ്ചക്കുള്ള തുണികളുമായി മറ്റൊരു  ട്രോളിബാഗും.

ചെന്നെത്തുന്ന സ്റ്റോപ്പിൽ സനീഷ് കത്ത് നില്കും എന്നുറപ്പുള്ളതിനാൽ ലഗേജ്  ഒരു ഭാരമാകുമെന്നു ഉദ്ദേശിച്ചിരുന്നില്ല.

ഒരേ ഒരു കുഞ്ഞനുജത്തിയുടെ ഭർത്താവാണ് സനീഷ് . അവൻ  എന്നെ ഒരമ്മയെ പോലെയാണ് കണ്ടു സ്നേഹിക്കുന്നത്.

അതുകൊണ്ടു തന്നെയാണ്  ഹൈദരാബാദിൽ അവൻ  ഒരാഴ്ചത്തെ ട്രെയിനിങ്ങിനായി  പോകുമ്പോൾ  ഗർഭിണിയായ അനിയത്തിക്ക് ഒരു കൂട്ടിനായി സ്വന്തം സാഹചര്യം കൂടി നോക്കാതെ ഇറങ്ങി പുറപ്പെട്ടതും.

ഇത് വഴി  കടന്നു പോകുന്ന വണ്ടികൾ വിരളമാണെന്നു ആരൊക്കെയോ പറഞ്ഞു കേട്ടു. എങ്കിലും നടക്കണോ വേണ്ടയോ. എന്നൊരു തീരുമാനം എടുക്കുവാൻ പറ്റാതെ നിന്നു..

 പല കാര്യങ്ങളും ഹരിച്ചും ഗുണിച്ചും ചിന്തിച്ചു  ആദ്യം ചെയ്യാൻ മടിക്കുകയും പിന്നീട് ഗത്യന്തരമില്ലാതെ അത് തന്നെ ചെയ്യുകയും ചെയ്യുന്ന എന്റെ ശീലം അമ്മയിൽ നിന്ന്  കിട്ടിയതാണെന്നു 'അമ്മ മരിക്കുന്നതു വരെ അച്ഛൻ പറഞ്ഞു രസിക്കുമായിരുന്നു. പിന്നീട്  വിഷാദത്തിലേക്കും ഒടുവിൽ  നിത്യമൗനത്തിലേക്കും ഇറങ്ങി പോയപ്പോൾ എന്റെ ആ ശീലം മാറ്റുവാൻ പാവം അച്ഛനും കഴിയാതെ പോയി.

പത്തു മിനിട്ടു അങ്ങിനെ നിന്നു. പിന്നീട് പഴുത്ത മാങ്ങയും പലഹാരങ്ങൾ ഉള്ള ബാഗ്  ഒരു കൈ കൊണ്ട്  തറയിൽ നിന്ന് ഉയർത്തി അടിയിൽ പറ്റിയ മണ്ണ് തുടച്ചു  തോളിൽ തൂക്കി രണ്ടാമത്തെ ട്രോളി ബാഗിന്റെ ഹാൻഡിലിൽ  വലതു കൈ വെക്കുമ്പോൾ തോളിലെ  ഭാരം കുറയുന്നതായി തോന്നി. 

തിരിഞ്ഞു നോക്കുമ്പോൾ ഒരപരിചിതന്റെ സഹായഹസ്തങ്ങൾ ബാഗിന്റെ വള്ളിയിൽ. "പെങ്ങൾ നടന്നോളൂ.. ഇവ  രണ്ടും ഞാനെടുത്തോളം "

നാല്പത്തഞ്ചോളം വയസു തോന്നിയ അയാളിൽ  സംശയിക്കത്തക്കതായി  ഒന്നും തോന്നിയില്ലെങ്കിലും  സ്ത്രീ സഹജമായ ഒരു ആശങ്ക വന്നു കൂടി.

ചെറിയ കുറ്റി രോമമുള്ള മുഖത്ത് ഒരു ദീർഘ യാത്രയുടെ എല്ലാ ക്ഷീണവും ഉണ്ടായിരുന്നിട്ടു കൂടി അയാൾ സഹായിക്കാനായി സന്നദ്ധനാകുന്നു. 

മൂന്നര മണിക്കൂറോളം  ഒരുമിച്ചു  യാത്ര ചെയ്തിട്ടും  ആൾ കുറഞ്ഞിട്ടു കൂടി   ബസ്സിൽ  അയാളെ ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിക്കുവാൻ മാത്രമൊന്നും അയാളിൽ ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.

"പെങ്ങൾ  കുട്ടികളെ  ശ്രദ്ധിച്ചു കൊള്ളൂ.."

ലെഗേജുമായി ആയാൽ മുന്നേ നടന്നു. പെങ്ങൾ എന്നവർത്തിച്ചു വിളിച്ചത്  എന്നിലെ ഭയാശങ്കകൾ ദുരൂഹരിക്കാനാണെന്നു മനസ്സിലാകുമായിരുന്നു..

തെറിച്ചു തെറിച്ചു നടക്കുവാൻ പാകത്തിൽ ഇരു കുട്ടികളും    മുതിർന്നെങ്കിലും തെല്ലൊക്കെ കുസൃതി ഉണ്ടായതിനാൽ അവരുടെ  നിയന്ത്രണം ഏറ്റെടുക്കാൻ ഇരു കൈകളും സ്വതന്ത്രമായേ  തീരു.  അതിനു സഹായിച്ച സഹയാത്രികനോട് മൗനമായി നന്ദി പറഞ്ഞു അയാൾക്കു പിറകെ  അനുസരണയോടെ  കുട്ടികളുമായി നടന്നു.

ഇത്രയും  രൂപ സാദൃശ്യമുള്ള ഇരട്ടകളെ  തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ലേ...?

പലപ്പോഴും  ശ്രവിക്കാറുള്ള  ചോദ്യമായതു കൊണ്ട് തന്നെ അയാളുടെ ചോദ്യങ്ങൾ സ്വകാര്യതയിലേക്കു കയറുന്നതിന്റെ ഒരു സൂചന തന്നുവെങ്കിലും അതൃപ്തി തോന്നിയില്ല .

"ഇല്ല.... അമ്മമാർക്ക് ആ തിരിച്ചറിയൽ ഒരു പ്രശ്നമേ അല്ല "

പറഞ്ഞു കഴിഞ്ഞപ്പോൾ ആ മറുപടി  സ്വന്തം മാതാപിതാക്കൾക്ക് എന്നല്ലേ വേണ്ടിയിരുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. തിരുത്തി പറയാൻ പക്ഷെ മിനക്കെട്ടില്ല.

നടക്കുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ അയാൾ മനഃപൂർവം ശ്രദ്ധിക്കുന്ന പോലെ തോന്നി. വില കുറഞ്ഞ  കൈത്തറി തുണി  കൊണ്ട് സ്വന്തം അളവിൽ തുന്നിച്ചതെന്നു ഷിർട്ടിൽ  ചില ഭാഗങ്ങളിൽ കളർ ഇളകി തുടങ്ങിയിരിക്കുന്നു.

ഏതോ ഉത്സവം കൊടിയിറങ്ങിയ പോലെ റോഡിലവിടെയിവിടെയായി അയഞ്ഞു തൂങ്ങി കിടന്ന തോരണങ്ങളെ  തിരിഞ്ഞു നോക്കി നോക്കി  കുട്ടികൾ നടക്കുന്നു. അതിനിടയിൽ മാറി മാറി അവരെ  എടുത്തു കൊണ്ട് നടന്നിരുന്നത്  കൊണ്ട് അവർ ക്ഷീണിച്ചു കണ്ടില്ല.

"ചേട്ടൻ ബസ്റ്റോപ്പിൽ വരെ കൊണ്ട് വന്നാക്കി. ബിസിനസ്സിന്റെ തിരക്കുള്ളപ്പോൾ യാത്ര ചിലപ്പോഴെങ്കിലും എനിക്ക് ഒറ്റയ്കാകേണ്ടി വരും " ചോദിച്ചില്ലെങ്കിലും അയാളോട് എന്തെങ്കിലുമൊക്കെ പറയേണ്ടത് ആവശ്യമായി തോന്നി.

അയാൾ തലയാട്ടി.  

ട്രോളി ബാഗിന്റെ കുഞ്ഞ്‌ വീലുകൾ പരുക്കൻ റോഡിനോട്  നന്നായി  പൊരുതുന്നത് നിസ്സഹായകയായേ നോക്കിക്കാണാൻ കഴിഞ്ഞുള്ളു,

എവിടുന്നോ ഒരു ചെറിയ കാറ്റ് വഴി തെറ്റി വന്ന പോലെ റോഡ് മുറിച്ചു കടന്നു പോയി.  എങ്കിലും ചൂട് ഉച്ചസ്ഥമായിരുന്നു. നാലു വളവുകൾ ഇതിനോടകം കഴിഞ്ഞു.   അയാൾ ഇല്ലായിരുന്നെങ്കിൽ. ഈ കുട്ടികളും ലഗേജുമായി,

ഒളി കണ്ണ് കൊണ്ട് കുട്ടികളുടെ ഓരോ ചെറു ചലനങ്ങളും ആയാൽ ശ്രദ്ധിക്കുന്നത് പോലെ തോന്നി.

"മക്കളെത്രയാ.".  അയാളോട് ചോദിച്ചു.

"ഇല്ല വിവാഹിതനല്ല. ഇഷ്ടപ്പെട്ടു വന്ന കുറേ ആലോചനകൾ കാരണം ഒന്നും പറയാതെ മുടങ്ങിയപ്പോൾ  മുടങ്ങിയായപ്പോൾ എനിക്കു ഒരു മടുപ്പു തോന്നി ". വിധിയോടാണ് തന്റെ ആ വാശിയെന്നു തല പാതി തിരിച്ചു നിശബ്ദമായ ഒരു  ചെറു ചിരിയിലൂടെ പറഞ്ഞു തന്നു അയാൾ.

"അതാതിന്റെ  സമയത്തു എല്ലാം മുറ പോലെ ഈശ്വരൻ നടത്തി തരും. എന്റെയും വിവാഹം എത്ര താമസിച്ചാണ് നടന്നത്. അത് കൊണ്ടാണ് ചേട്ടനെ കിട്ടിയതും ഇങ്ങിനെ രണ്ടു..."  

അയാൾ കുട്ടികളെ വാത്സല്യത്തോടെ നോക്കി.

"ഇനി ഒരു വളവു കൂടി ബാക്കി." അയാൾ പറഞ്ഞു.

"ചേട്ടനുമായി എപ്പോഴും കാറിൽ വരാറുള്ള വഴിയാണ്. ആദ്യമായാണ് ബസ്സിൽ ഒറ്റയ്ക്ക് ഇങ്ങനെ. ആ നേരം നോക്കി ബ്രേക്ക്ഡൗണും"

ഞാൻ പറഞ്ഞത് അയാൾ അത് കേട്ടതായി നടിച്ചില്ല.

ഒപ്പം നടക്കുവാനായി തെല്ലു വേഗത കുറച്ചു കുട്ടികളുടെ മുഖങ്ങളിലേക്കായിരുന്നു വളവു പൂർണമാകുന്നത് വരെ അയാളുടെ ശ്രദ്ധ.

ജംഗ്ഷൻ ഉദ്ദേശിച്ചതിലും മുമ്പേ  എത്തി.

"ഇവിടെ ഇറങ്ങിയ സ്ഥിതിക്ക് ഒരാളെ ഒന്ന് കണ്ടിട്ട് പോകണം". ബസ്സുകൾ നിർത്താറുള്ള ഒരിടത്തേക്ക് ലഗേജ് ഒതുക്കി വച്ച് അയാൾ പറയുവാൻ തയ്യാറെടുത്തു.

ഇരു കൈകളിലും കുട്ടികൾ മുറുക്കി പിടിച്ചിരുന്നതിനാൽ നന്ദിപുരസ്സരം ഒന്ന് തൊഴുതുവാൻ കഴിഞ്ഞില്ല ആ നല്ല മനുഷ്യനോട്.

പോകുമ്പോൾ അയാൾ പറഞ്ഞു.

ഞാൻ  മുമ്പ്  രണ്ടു തവണ  പെങ്ങളെ കണ്ടിട്ടുണ്ട്.. ഒന്ന് നിങ്ങളുടെ വിവാഹത്തിന. പക്ഷേ ക്ഷണിച്ചിട്ടല്ല എന്റെ സുഹൃത്തായിരുന്നു പന്തൽ കരാറുകാരൻ.

"രണ്ടാമത് കുടുംബ കോടതിയിൽ  കുഞ്ഞുങ്ങളുമായി കരഞ്ഞു കൊണ്ട്  പെങ്ങൾ പുറത്തിറങ്ങുമ്പോൾ.. ഞാൻ സാക്ഷിയായ ഒരു കേസിന്റെ വിചാരണ അന്നായിരുന്നു."

അയാൾ പറഞ്ഞു നിർത്തി.

തിരിച്ചൊന്നും പറയുവാനുണ്ടായിരുന്നില്ല. 

ഭർത്താവാണ് ബസ്റ്റോപ്പിൽ കൊണ്ട് വിട്ടതെന്ന് പറഞ്ഞ ശുദ്ധ നുണ തിരിച്ചെടുക്കുവാൻ കഴിയാതെ മനസ്സ് അസ്വസ്ഥമായി

 

ഞാനും രണ്ടു കുഞ്ഞുങ്ങളും വിരുദ്ധ ദിശയിലേക്കു . ചലിച്ചു വളവുകൾ താണ്ടി ഇറക്കവും കടന്നു ബ്രേക്ക് ഡൌൺ ആയ വണ്ടിക്കരികിലേക്കു വീണ്ടും  മടങ്ങി പോവുകയാണോ എന്ന്  തോന്നി.

പെട്ടെന്ന് ആരോ തടഞ്ഞു നിർത്തിയ പോലെ ഒന്ന് കുലുങ്ങി നിന്നു.

നേർത്ത ചിരിയോടെ  കണ്ണുകളിലേക്കു നോക്കി. അയാൾ തുടർന്നു..

"ജീവിതം  അങ്ങിനെയാണ് പെങ്ങളെ ബ്രേക്ക് ഡൗണും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള ഒരു വല്യ യാത്ര. മുന്നോട്ടു തന്നെ പോകണമെന്നുറപ്പിച്ചാൽ നമ്മെ കാത്തു മറ്റൊരു ബസ്സ് കാത്തു നില്പുണ്ടാകും. സധൈര്യo മുമ്പോട്ട് പോവുക. നമുക്ക് ഇനിയും കാണാം.

പോകും മുമ്പ് അയാൾ കുട്ടികളെ ഇരുവരേയും അമർത്തി തലോടി. പരിചിതമല്ലാത്ത ആ സ്പർശനം അവരിൽ യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല.

ഒരു ഗതകാലത്തിന്റെ ശേഷിപ്പ് പോലെ, വീഴാറായ  കുറെ കൊച്ചു പീടികകളും അവയ്ക്കു താഴെ ചെറിയ ചെറിയ കച്ചവടക്കാരും.

ഹ്രസ്വമായ ഇടവേളകളിൽ ബസ്സുകൾ നിയോഗം പോലെ തലങ്ങും വിലങ്ങും ഇഴഞ്ഞു പോകുന്നു. 

അവയിലെ ബോർഡുകൾക്കു എല്ലാം ഒരേ അക്ഷരങ്ങളും യാത്രികർക്ക് എല്ലാം ഒരേ മുഖങ്ങളും..

സനീഷിന്റെ കോൾ മൊബൈലിൽ നിരന്തരം  വന്നു  കൊണ്ടിരുന്നു.

Comments